എന്തുകൊണ്ട് ധനകാര്യ ഞെരുക്കം: 3

September 26, 2014 | By | Add a Comment

അഴിച്ചുപണിക്കൊരു ചട്ടക്കൂട്‌ 

പൊതുവിഭവങ്ങളെക്കുറിച്ച് നീതിയില്‍ അധിഷ്ഠിതമായ ഒരു പൊതുബോധം കേരളസമൂഹത്തില്‍ ഇല്ല. ഇത് പൊതുവിഭവങ്ങള്‍ക്കുവേണ്ടിയുള്ള ലജ്ജാകരമായ മത്സരത്തിലേക്കാണ് സമൂഹത്തെ നയിച്ചിട്ടുള്ളത്

കേരളധനകാര്യം : സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ ആഘാതം സാധാരണ ജനങ്ങള്‍ക്ക് മാത്രം
കേരളധനകാര്യത്തിന്റെ ഇന്നത്തെ പോക്ക് സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്ന് കണ്ടുകഴിഞ്ഞു. ഇത് അഴിച്ചുപണിയാനുള്ള ഒരു ചട്ടക്കൂട് അവതരിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക ഞെരുക്കം ഭരണപരമായ നടപടികൊണ്ടുമാത്രം മറികടക്കാവുന്നതല്ല. പരോക്ഷനികുതിയിലൂടെയുള്ള വിഭവസമാഹരണം സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള ഒരുപറ്റം മനോഭാവങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങളൊക്കെ ഏറെക്കുറേ സൗജന്യമാണെന്നും എക്കാലവും അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കും എന്നുമുള്ള മിഥ്യാധാരണയാണ് ഇതിലൊന്ന്. സര്‍ക്കാര്‍ എന്നത് പൗരജനങ്ങളുടെ സംഭാവനകൊണ്ട് പുലര്‍ന്നുപോകുന്ന സംവിധാനം മാത്രമാണെന്നും അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭാരം ഇന്നല്ലെങ്കില്‍ നാളെ ജനങ്ങളുടെമേല്‍ പതിക്കുമെന്നുമുള്ള കാര്യം തുറന്നുപറയേണ്ടതുണ്ട്.

പൊതുവിഭവങ്ങളെക്കുറിച്ച് നീതിയില്‍ അധിഷ്ഠിതമായ ഒരു പൊതുബോധം കേരളസമൂഹത്തില്‍ ഇല്ല. പൊതുവിഭവങ്ങള്‍ സമാഹരിക്കാനുള്ള സാധ്യതകള്‍ അനന്തമാണെന്നും അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ എന്ന അപരന് മാത്രമാണെന്നും അതില്‍നിന്ന് പരമാവധി പിടിച്ചുപറ്റുകയാണ് പൗരധര്‍മമെന്നും ഓരോ കേരളീയനും തെറ്റിദ്ധരിക്കുന്നു. ഇത് പൊതുവിഭവങ്ങള്‍ക്കുവേണ്ടിയുള്ള ലജ്ജാകരമായ മത്സരത്തിലേക്കാണ് സമൂഹത്തെ നയിച്ചിട്ടുള്ളത്. പൊതുവിഭവങ്ങള്‍ പരിമിതവും സമാഹരിക്കാന്‍ ദുഷ്‌കരവുമാണെന്ന സത്യം സമൂഹത്തോട് ഊന്നിപ്പറയേണ്ടിയിരിക്കുന്നു. അതുപോലെ അവയ്ക്കുമേലുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണെന്നും അതില്‍നിന്ന് ഒരു കൂട്ടര്‍ കൂടുതല്‍ ഊറ്റിയെടുക്കുന്നത് മറ്റുള്ളവരുടെ ചെലവിലായിരിക്കുമെന്നും സമൂഹമനഃസാക്ഷിയില്‍ ഉറപ്പിക്കണം. ഇക്കാര്യങ്ങളെക്കുറിച്ചുള്ള സാമൂഹികമായ ഒരു അഭിപ്രായസമന്വയം ധനകാര്യത്തിന്റെ അഴിച്ചുപണിക്കുള്ള മുന്‍ ഉപാധിയാണ്.

മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും എന്തെങ്കിലും തിരികെക്കൊടുക്കുന്ന ഒരു വ്യവസ്ഥയിലേക്ക് മാറുക എന്നതാണ് മുന്നോട്ടുവെക്കുന്ന ചട്ടക്കൂടിന്റെ കാതല്‍. മൊത്തം വരുമാനത്തിന്റെ 65.2 ശതമാനം ജനസംഖ്യയില്‍ ഏറിയാല്‍ അഞ്ചോ ആറോ ശതമാനം വരുന്നവരുടെ കൈകളിലേക്കാണ് പോകുന്നതെങ്കില്‍ എന്തിന് കൂടുതല്‍ നികുതി കൊടുക്കണം? അതും പൊതുസേവനങ്ങളുടെ അളവും ഗുണനിലവാരവും അടിക്കടി പിന്നോട്ടടിച്ചുകൊണ്ടിരിക്കുമ്പോള്‍. റവന്യൂവരുമാനം വര്‍ധിക്കാത്തതിന്റെ മൂലകാരണം സമൂഹത്തെ ആകെ ചൂഴ്ന്നുനില്‍ക്കുന്ന ഈ മനോഭാവമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തികനില ഏറെക്കുറേ ഭദ്രവും ജീവനക്കാരുടെ എണ്ണം കുറവുമായിരുന്ന കാലത്ത് തുടങ്ങിവെച്ച പെന്‍ഷന്‍ സമ്പ്രദായം പ്രളയകാലംവരെ തുടരണമെന്ന വാദം യുക്തിരഹിതവും അസ്വീകാര്യവുമത്രേ. മുഴുവന്‍ പൗരന്മാര്‍ക്കും വാര്‍ധക്യകാലത്ത് മാന്യമായി ജീവിക്കാനുള്ള പെന്‍ഷന്‍ കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് ഒരു ജനാധിപത്യസര്‍ക്കാറിനുള്ളത്. 30 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കോളേജ് അധ്യാപകനോ അഡീഷണല്‍ സെക്രട്ടറിക്കോ ഇന്ന് ലഭിക്കുന്ന പെന്‍ഷന്‍ ക്ഷാമബത്ത അടക്കം 50,000 രൂപയ്ക്ക് മുകളിലാണ്. ശുഷ്‌കമായ ഖജനാവില്‍നിന്ന് ഒരുലക്ഷം രൂപയ്ക്ക് മേലൊക്കെ മാസാമാസം എത്തിച്ചേരുന്ന ഭവനങ്ങള്‍ ഈ ഭൂമി മലയാളത്തില്‍ ഉണ്ടെന്നര്‍ഥം. ഈ തുകയാകട്ടെ വര്‍ധിക്കുകയല്ലാതെ കുറയുകയില്ല. നേരേമറിച്ച് സാധാരണക്കാരായ വൃദ്ധജനങ്ങള്‍ക്ക് ലഭിക്കുന്ന ധര്‍മപെന്‍ഷന്‍ 600 രൂപ! അതുതന്നെ കിട്ടാന്‍ നല്ലനേരം നോക്കണം. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഇത് 1,000 രൂപ വീതമാണെന്നോര്‍ക്കണം.

ഏതുസമൂഹത്തിലും പൊതുവിഭവങ്ങളുടെ ആദ്യഅവകാശികള്‍ വൃദ്ധജനങ്ങളാണെന്നിരിക്കെ, ഈ വിവേചനത്തിന് എന്തെങ്കിലും നീതീകരണമുണ്ടോ? പൊതുവിഭവങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചേരുംവിധം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇതിന് സാമൂഹികമായി അംഗീകരിക്കാവുന്ന കുറഞ്ഞ പെന്‍ഷനെക്കുറിച്ചും കൂടിയ പെന്‍ഷനെക്കുറിച്ചും ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കണം.

സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗമില്ല. ഇന്ന് പെന്‍ഷന് ചെലവാകുന്ന തുകയില്‍ മൂന്നിലൊന്നുപോലും വിപണിയില്‍ തിരികെ എത്തുന്നുണ്ടാവില്ല. സാധാരണക്കാരായ വൃദ്ധജനങ്ങളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചാല്‍ അത് മുഴുവനായിത്തന്നെ വിപണിയില്‍ തിരികെയെത്തും.

ഇതിനോട് അനുബന്ധമായി എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പൂര്‍ണമായും പബ്ലിക് സര്‍വീസ് കമ്മീഷന് വിടുകയും വേണം.

സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ ആഘാതം സാധാരണ ജനങ്ങള്‍മാത്രം വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും _ഏറ്റുപോയത്_ ആയി കണക്കാക്കുന്നതിനുപകരം അത് മൊത്തംവരുമാനത്തിന്റെ നിശ്ചിതശതമാനമായി നിജപ്പെടുത്തുന്ന നിയമം പാസാക്കേണ്ടതുണ്ട്. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലെ ശമ്പളവും പെന്‍ഷനും ഒഴിച്ചുള്ള ചെലവുകള്‍ റവന്യൂവരുമാനത്തിന്റെ നിശ്ചിത ശതമാനത്തില്‍ കുറയാന്‍ പാടില്ല എന്ന നിയമവും പാസാക്കണം.

സംസ്ഥാനത്തിന്റെ വരുമാനഘടനയെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷപരോക്ഷ നികുതി അനുപാതം ഏറെക്കുറേ സന്തുലിതമായിരുന്ന അറുപതുകളിലേക്കുള്ള തിരിച്ചുപോക്കാണ് ഇന്നാവശ്യം. പ്രത്യക്ഷനികുതികളും നികുതിയിതര വരുമാനസ്രോതസ്സുകളും കൂടുതല്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന്റെ വിഭവാടിത്തറ വിപുലപ്പെടുത്തണം. പൊതുവിഭവങ്ങളില്‍നിന്ന് എല്ലാവര്‍ക്കും ഒരു പങ്ക് ലഭിക്കും എന്നുവരുന്നതോടുകൂടി ഇന്ന് നിലനില്‍ക്കുന്ന വ്യാപകമായ നികുതിവെട്ടിപ്പും അഴിമതിയും വളരെ കുറയും. സുതാര്യവും ലളിതവുമായ ഒരു നികുതിവ്യവസ്ഥയ്ക്കുള്ള സാധ്യത തെളിയും. ഇത് വാണിജ്യവ്യവസായ മേഖലകള്‍ക്ക് ഉത്തേജനം പകരും.

പക്ഷേ, ഇതുകൊണ്ടൊന്നും സംസ്ഥാനത്തിന്റെ കടബാധ്യതയില്‍നിന്ന് കരകയറാനാകുമെന്ന് തോന്നുന്നില്ല. 7,000 കോടിക്കുമേല്‍ വരുന്ന പലിശ ബാധ്യത കുറയ്ക്കാന്‍ ആസ്തികള്‍ കുറേ കൈയൊഴിയുകയേ മാര്‍ഗമുള്ളൂ. സംസ്ഥാനത്തെ ഭൂമിവിലവെച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സംസ്ഥാനസര്‍ക്കാര്‍ ഒരുപക്ഷേ, കേരളസര്‍ക്കാര്‍ ആയിരിക്കും. കേരള ലാന്‍ഡ് ബാങ്കില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 75,645.62 ഹെക്ടര്‍ ഭൂമി സര്‍ക്കാറിന്റെ കൈയിലുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയും പൂട്ടിക്കിടക്കുന്നവയുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെയുമൊക്കെ ഭൂമി ഇതില്‍ ഉള്‍പ്പെടും. കണ്ണായ സ്ഥലങ്ങളിലെ സര്‍ക്കാര്‍ഭൂമി തുച്ഛമായ പാട്ടത്തിന് 40ഉം 50ഉം വര്‍ഷത്തേക്ക് എടുത്തിട്ടുള്ള മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ട്. തിരുവനന്തപുരം നഗരത്തില്‍മാത്രം 44.48 ഏക്കര്‍ ഭൂമി ഇത്തരം പാട്ടക്കാരുടെ കൈകളിലാണ്. കൈയേറ്റത്തിലൂടെ അന്യാധീനപ്പെടുന്ന സര്‍ക്കാര്‍ഭൂമിക്ക് കണക്കില്ല.

ആശയപരമായ കടുംപിടിത്തങ്ങളില്‍നിന്ന് കുതറിമാറി ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോയാല്‍ മാത്രമേ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാനൊക്കൂ. അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകുന്ന ഈ കുരുക്ക് അറുത്തുമുറിച്ച് മുന്നോട്ടുപോകാന്‍ കേരളസമൂഹത്തിന് കഴിയുമോ എന്നേ ഇനി കണ്ടറിയാനുള്ളൂ. (ലേഖകന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ ഫാക്കല്‍റ്റിയംഗമാണ്)
(അവസാനിച്ചു)

ഡോ. ജോസ് സെബാസ്റ്റ്യന്‍

Source:-24 Sep 2014 ബുധനാഴ്ച  http://www.mathrubhumi.com/article.php?id=3157194

 

Filed in: News

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry