2014സാമ്പത്തിക പ്രതിസന്ധി:പഞ്ചായത്തുകള്‍ക്കുള്ള പണത്തിലും സര്‍ക്കാരിന്റെ നിയന്ത്രണം

September 30, 2014 | By | Add a Comment

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ചെലവഴിക്കുന്നതിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാര്‍ഷിക പദ്ധതിക്കുള്ള വിഹിതം സ്വന്തം അക്കൗണ്ടില്‍ അടച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചെലവിടുന്നത് അവസാനിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഈ തീരുമാനം. ഇതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സവിശേഷ അധികാരം നഷ്ടമാവും. ഇവയും മറ്റ് വകുപ്പുകള്‍ക്ക് തുല്യമാവും.

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 12 തുല്യ ഗഡുക്കളായി ട്രഷറിയിലെത്തും. ഇത് പബ്ലിക് അക്കൗണ്ടിലേക്ക് മാറ്റി പഞ്ചായത്തുകള്‍ നേരിട്ട് ചെലവഴിക്കുന്നതാണ് 1997 മുതലുള്ള രീതി.

ഈ ഫണ്ടില്‍ സര്‍ക്കാരിന് കൈകടത്താന്‍ ആവുമായിരുന്നില്ല. അതായത് ശമ്പളത്തിനും പെന്‍ഷനും മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ലെങ്കിലും പഞ്ചായത്തുകള്‍ക്കുള്ള വിഹിതം അവരുടെ അക്കൗണ്ടില്‍ ഉണ്ടാവും. അതില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് ചെലവിടാം. ചെലവഴിക്കാത്ത തുകമാത്രം സര്‍ക്കാരിലേക്ക് തിരിച്ചടച്ചാല്‍ മതി. വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ സമ്പ്രദായം കൊണ്ടുവന്നത്. ഇതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അവസാനിപ്പിച്ചത്. ഇനി പഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കിയ പണികളുടെ ബില്‍ പാസ്സാക്കി ഖജനാവില്‍ പണമുള്ളതനുസരിച്ചേ തുക അനുവദിക്കൂ.

തദ്ദേശസ്ഥാപനങ്ങള്‍ക്കായി വാര്‍ഷിക പദ്ധതിയുടെ 40 ശതമാനംവരെയാണ് നീക്കിവെക്കുന്നത്. ഇത്രയും പണത്തില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതെ വരുന്ന അവസ്ഥ ഒഴിവാക്കാനാണ് ഈ തീരുമാനം. ഇനി ഖജനാവില്‍ ഞെരുക്കമുണ്ടായാല്‍ ഈ പണവും സര്‍ക്കാരിന് ഉപയോഗിക്കാം. എന്നാല്‍ സര്‍ക്കാര്‍ ഇതിന് സാങ്കേതികപരമായ വിശദീകരണമാണ് നല്‍കുന്നത്.

പഞ്ചായത്തുകളുടെ പണം പബ്ലിക് അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ അത് ചെലവിട്ടതായി കണക്കാക്കും. യഥാര്‍ത്ഥത്തില്‍ പഞ്ചായത്തുകള്‍ ഈ പണം ചെലവഴിച്ചിട്ടുണ്ടാവില്ല. എന്നാലും ചെലവായി കണക്കാക്കുന്നതുകൊണ്ട് സര്‍ക്കാരിന്റെ റവന്യൂകമ്മി കൂടുന്നു.പഞ്ചായത്തുകള്‍ ചെലവാക്കാതെ ധാരാളം പണം ബാക്കിവെയ്ക്കുന്നുണ്ടെങ്കിലും ഈ പണത്തില്‍ സര്‍ക്കാരിന് നിയന്ത്രണവുമില്ല. ഈ സാഹചര്യം തുടരാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സര്‍വകലാശാലകള്‍പോലെ മറ്റ് സ്ഥാപനങ്ങളിലും ഇതേ രീതി വ്യാപിപ്പിക്കാമെന്നും ധനവകുപ്പ് നിര്‍ദ്ദേശിക്കുന്നു. അധികാര വികേന്ദ്രീകരണത്തെ പിന്നോട്ടടിക്കുന്നതാണ് ഈ തീരുമാനമെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിനും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

http://www.mathrubhumi.com/story.php?id=487693

Source Mathrubhumi , TUESDAY, SEPTEMBER 30, 2014

Filed in: News

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry